.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Saturday, 28 November 2009

ജപ്പാനിലെ എന്റെ ബലി പെരുന്നാള്‍...
എന്റെ ഉമ്മ എനിക്ക് ജന്മം നല്‍കിയ ശേഷം ആദ്യമായി വീട്ടില്‍ നിന്നും അകന്നു ഒരു പെരുന്നാളിന് കൂടേണ്ടി വന്നത് അലിഗറില്‍ രണ്ടാമത്തെ വര്‍ഷം പി ജി ക്ക് പഠിക്കുമ്പോഴാണ്...
ശരിക്കും പറഞ്ഞാല്‍ അലിഗറിലെ ആ പെരുന്നാള്‍ അസഹനീയമായിരുന്നു..
അലിഗറിലെ പെരുന്നാള്‍ എങ്ങിനെയെന്ന് വിശദീകരിക്കുകയും , വീട്ടിലെ പെരുന്നാള്‍ എങ്ങിനെയെന്ന് അറിയുകയും ചെയ്താല്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്ത് കൊണ്ട് ഞാന്‍ അങ്ങിനെ പറഞ്ഞുവെന്നു.
പുലര്‍ച്ചെ മൂന്നിന് ഹോസ്റ്റലില്‍ നിന്നും കിട്ടുന്ന ചോറും റൊട്ടിയും പിന്നെ എന്തെങ്കിലും പെരുന്നാള്‍ സ്പെഷലും . രാവിലെ പള്ളിയിലെ നമസ്കാരം കഴിഞ്ഞു ഇത് കഴിച്ചു കഴിഞ്ഞാല്‍, അന്നത്തെ ഭക്ഷണം കഴിഞ്ഞു, പിന്നീടു വല്ലതും കിട്ടണമെങ്കില്‍ , ഹോട്ടലിനു
അവധി ആയതിനാല്‍, സ്വയം ഉണ്ടാക്കുകയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകാരായ സുഹൃത്തുക്കള്‍ ക്ഷണിക്കുകയോ വേണം...
ആ വര്‍ഷം ഭാഗ്യത്തിന്, ഞങ്ങളുടെ ക്ലാസ്സിലെ Samra Kidwayi എന്ന കുട്ടി ക്ഷണിക്കുകയും, നല്ല വിഭവ സമൃദ്ധമായ അവരുടെ നാടന്‍ ഭക്ഷണം ഉണ്ടാക്കി തരികയും ചെയ്തത് കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു.
ഈ ഒരു പെരുന്നാളിന് ശേഷം , പിന്നീടുള്ളതു ഞാന്‍ ഇവിടെ, ജപ്പാനിലെ സപ്പോറോ എന്ന ദ്വീപില്‍ എത്തിയ ശേഷമുള്ള രണ്ടു പെരുന്നാളുകളാണ്...
നമുക്കൊരിക്കലും, ഒരു പെരുന്നാളും, അത് എത്ര തന്നെ ആര്ഭാടപൂര്‍വ്വമായാലും , വീട്ടില്‍ നിന്ന് അകന്നിട്ടുള്ളതാനെങ്കില്‍ , വീട്ടിലുള്ളതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.
തലേന്ന് രാത്രിയുള്ള, ഈദ്‌ ഗഹിന്റെ ഒരുക്കങ്ങള്‍...
അതിനു വേണ്ടി കളരിചാലില്‍ ഹമീദ്കയുടെ ഏതെങ്കിലും വണ്ടിയില്‍ വാടകയ്ക്ക് സാധനങ്ങള്‍ എടുക്കാന്‍ പോവുന്നതും, അപ്പോഴുള്ള ഉച്ചത്തിലുള്ള തക്ബീര്‍ ധ്വനികളും...
സുബഹിക്ക് മുന്‍പുള്ള ഈദ്‌ ഗാഹ് ഒരുക്കങ്ങള്‍...
ശേഷം വാണിമേല്‍ പുഴയിലെ , കളത്തില്‍ താഴെ നിന്നുള്ള കുളി...
ഒരാഴ്ചയെങ്കിലും മുന്‍പ് എടുത്തു വെച്ച പുതിയ വസ്ത്രവും ധരിച്ചു , തറവാട്ടിലെ പ്രാതല്‍ കഴിക്കുമ്പോള്‍, അമ്മാവന്മാരും, അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെ റെഡി ആയിട്ടുണ്ടാവും..
പിന്നെ കിട്ടിയ പഴയ പത്രവും എടുത്തു ഈദ്‌ ഗാഹിനു പോവുന്നതിനു മുന്‍പ് , ഉപ്പാപ്പ അടിച്ചു തരുന്ന സ്പ്രേ...
പിന്നെ ഈദ്‌ ഗാഹിനു ശേഷം ഏകദേശം നാട്ടിലെ എല്ലാവരുമായും ആശംസകള്‍ കൈമാറല്‍...
പിന്നെ അയല്‍ വീടിലും കുടുംബത്തിലും കയറല്‍...
പ്ലസ്‌ ടു വരെ നാട്ടിലെ സുഹൃത്തുക്കളുമായി മാത്രമുണ്ടായിരുന്ന കറക്കം, അതിനു ശേഷം ഉച്ച വരെ അവരുമായും, പിന്നീട എന്റെ 6 brothers മായുള്ള കറക്കവും...
കറക്കം എന്ന് പറഞ്ഞാല്‍, ചുമ്മായുള്ള കറക്കം അല്ല...
എല്ലവരുടെ വീടിലും കയറലും, അധ്യാപകന്മാരുടെയും മറ്റു സുഹൃത്തുക്കളുടെ വീടുകളും സന്ദര്‍ശിക്കും ....
ആ ഒരു പെരുന്നാളുമായി ഒരിക്കലും നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല മറ്റൊരു ആഘോഷവും....
എങ്കിലും, എന്തെങ്കിലും ജീവിതത്തില്‍ നേടണമെങ്കില്‍, മറ്റെന്തെങ്കിലും ത്യജിക്കണമെന്ന സത്യം അറിയാവുന്നത് കൊണ്ട് തന്നെ , ഇവിടെ സുന്ദരമായി ഞങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ചു....
ബലി പെരുന്നാള്‍ ആണെങ്കിലും, ബലി അറക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലും, ഈദ്‌ ഗാഹിനുള്ള സൗകര്യം ഇല്ലാത്തതിനാലും, ഇവ രണ്ടിന്റെയും അഭാവത്തിലുള്ള ബലി പെരുന്നാള്‍....
തണുപ്പ് അതിന്റെ അതിരായ പൂജ്യവും കടന്നു മൈനസിലേക്ക് പോയതിനാല്‍, ചൂടുവെള്ളതിലെ കുളി കഴിഞ്ഞു, 8.15 നുള്ള പെരുന്നാള്‍ നമസ്കാരത്തിന്, നേരത്തെ പള്ളിയില്‍ എത്തി...
സ്ത്രീകളും, കുട്ടികളും അടക്കം വളരെ നല്ലൊരു ജനം ഉണ്ടായിരുന്നു...
പക്ഷെ, പ്രവര്‍ത്തി ദിവസമായതിനാലാവും , ചെറിയ പെരുന്നാളിനെ അപേക്ഷിച്ച് കുറവായിരുന്നു...
ഇന്തോനേഷ്യയില്‍ നിന്നുള്ള ഇമാമിന്റെ ഇംഗ്ലീഷില്‍ ഉള്ള ഖുതുബയും കഴിഞ്ഞു, പള്ളിയുടെ വക ചെറിയൊരു സല്‍കാരം...
പിന്നെ സുഡാനില്‍ നിന്നും, ലിബിയ, ഈജിപ്ത്,പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള, ചില സഹോദരങ്ങളോടൊപ്പം , ഞങ്ങളുടെ റൂമില്‍ (ഞങ്ങള്‍ = ഞാനും ഹാഷിമും ) പ്രാതല്‍, ബീഫ് ഫ്രൈ ചെയ്തതും, ഉപ്പു മാവും...
എല്ലാവര്‍ക്കും നന്നായി ബോധിച്ചു .. പിന്നെ ജുമുഅ നമസ്കാരം...
ശേഷം ഗന: ഘംഭീരമായ കൊഞ്ചന്‍ ബിരിയാണി , ബഷീര്‍കയുടെ റൂമില്‍..
നാദാപുരത്ത് കാരുടെ പാചക വിരുതു കേളി കേട്ടതാണ്...
അതില്‍ അനുഗ്രഹീതയാണ്‌, ബഷീര്‍കയുടെ ഭാര്യ നുബുലയും ..
വീട്ടിലെ ബിരിയാണി മിസ്സ്‌ ആയി എന്ന് തോന്നിയില്ല....
ശേഷം വൈകിട്ട് റൂമില്‍ ചായയും കടികളും...
രാത്രി ഭക്ഷണത്തിന് ക്ഷണമുണ്ടായിരുന്നു..
മുഷ്താഖ് ഭായിയുടെ കൂടെ...
അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ആരുടെ ക്ഷണം ആണെന്ന് , ഉത്തരം മുഷ്താഖ് ഭായി..
അപ്പോള്‍ ആരാണ് മുഷ്താഖ് ഭായി ???...
വളരെ ചെറുതായും വിശദമായും പറഞ്ഞാല്‍, ചെറുതല്ലാത്ത ഒരു സംഭവം....
മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്ന്...
അദ്ദേഹം ജനിച്ചത്‌ സൗത്ത് ആഫ്രികയില്‍, വളര്‍ന്നത്‌ സിംബാവെയില്‍, ഇപ്പോള്‍ ജീവിക്കുന്നത് ജപ്പാനില്‍...
കല്യാണം കഴിച്ചത് ഒരു ജപ്പാന്‍ കാരിയെ ..
അദ്ദേഹം ഏതു രാജ്യത്തിന്‍റെ പൗരന്‍ എന്ന് ചോദിച്ചാല്‍ ഉത്തരം അദ്ദേഹത്തിന് ഒരു രാജ്യത്തെയും പൗരത്വം ഇപ്പോള്‍ ഇല്ല എന്നതാണ്...
ഇവിടെ ബിസിനസ് ചെയ്യുന്നു.
അത് കൊണ്ട് തന്നെ ഒരു രാജ്യത്തില്‍ നിന്നും പുറത്തേയ്ക്ക് എവിടെയും പോകാന്‍ അദ്ദേഹത്തിന് കഴിയില്ല,
എങ്ങിനെ സംഭവിച്ചു എന്നാവും..
ഇന്ത്യന്‍ പാസ്സ്പോര്ടിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാന്‍ അപേക്ഷിച്ചു, അവര്‍ പറഞ്ഞു നിങ്ങള്‍ ഇവിടത്തെ താമസക്കാരനല്ലാത്തതിനാല്‍ പറ്റില്ലെന്ന്, സിംബാവയില്‍ പറഞ്ഞപ്പോള്‍, അവരും പറഞ്ഞു, നിങ്ങള്‍ ഇവിടെയും അല്ല എന്ന്...
അങ്ങിനെ...ലോകമേ തറവാട് എന്ന രീതിയില്‍ ഇങ്ങിനെ പോകുന്നു...
കാറുമായി ബന്ധപ്പെട്ട ബിസിനസ്സും ചെറിയ തോതിലുള്ള സ്കൂളും നടത്തുന്നു..
വയസ്സ് അറുപതു കഴിഞ്ഞെങ്കിലും ജപ്പാന്‍ കാരെ പോലെ വളരെ എനെര്‍ജെടിക്കാന് ..
ആരു എന്ത് സഹായം ചോദിച്ചാലും , എപ്പോഴും മുന്നിലുണ്ടാവും മനുഷ്യന്‍...
അദ്ധേഹത്തിന്റെ വീടിലായിരുന്നു രാത്രി ഭക്ഷണം, പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം ക്ഷണിച്ചിരുന്നു..
6.30 നു ഒരുങ്ങി നില്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ റെഡി ആയി നിന്നിരുന്നു, കൃത്യം അദ്ദേഹം വണ്ടിയുമായി വന്നു, ഞങ്ങളെ വീടിലേക്ക്‌ കൊണ്ട് പോയി...
വീട്ടില്‍ ചെല്ലുമ്പോള്‍, അദ്ധേഹത്തിന്റെ ഒരു മോനും, പിന്നെ അവന്റെ ഗേള്‍ ഫ്രെണ്ടും , പിന്നെ അദ്ധേഹത്തിന്റെ ഭാര്യയും ഞങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു...
ഇവിടുത്തെ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍, മക്കള്‍ പ്രായ പൂര്‍ത്തിയായാല്‍ അവരവരുടെ കാമുകിമാരെ കണ്ടെത്തുകയും, അവരുമായി വേറെ താമസിക്കുകയുമാണ് ചെയ്യാറ്...അദ്ധേഹത്തിന്റെ മകനും അതുപോലെ...
അദ്ദേഹത്തിനോട് ചോദിച്ചാല്‍ മറുപടി, നമുക്കൊരിക്കലും, മറ്റുള്ളവരെ മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ പറ്റില്ല എന്നാണ്, അത് മകനാണെങ്കില്‍ പോലും..
പറഞ്ഞു കൊടുക്കണം, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കാന്‍ അവനു വിട്ടു കൊടുക്കണം എന്ന്...
അദ്ധേഹത്തിന്റെ കാഴ്ചപ്പാടില്‍, ഓരോരുത്തരും വളരുന്നത്‌, അവരുടെ ചുറ്റുപാടിലെ സംസ്കാരത്തിനനുസരിച്ചാണ്...
അദ്ദേഹം പറഞ്ഞത് ശരിയാണ് എന്നാണ് എന്റെ കാഴ്ചപ്പാടും...
നമ്മള്‍ മുസ്ലിംകളെ പോലെ ജീവിക്കുന്നതും, സംസ്കാരം നയിക്കുന്നതും, നമ്മുടെ നാട്ടില്‍ രീതിയില്‍ ഉള്ളതിനാലാണ്, അല്ലെങ്കില്‍ നമ്മള്‍ അങ്ങിനെ ആകും എന്ന് എനിക്കും അഭിപ്രായമില്ല, നിങ്ങള്‍ക്കും അങ്ങിനെ എന്ന് കരുതുന്നു...
പിന്നെ ഭക്ഷണത്തിന്റെ സമയമായിരുന്നു...
പലതരം വിഭവങ്ങള്‍, ഇറ്റാലിയന്‍, ഫ്രഞ്ച്,ബ്രിട്ടീഷ്‌ , ചൈനീസ്, ജാപ്പനീസ്‌ , ആഫ്രികന്‍ കൂടെ ഇന്ത്യന്‍ രീതിയിലുള്ളതുമായ വിവിധ തരം ഭക്ഷണം..ഇതൊക്കെയും അദ്ധേഹത്തിന്റെ വീട്ടില്‍ തന്നെ പാചകം ചെയ്തത്...
ശേഷം വിവധ തരം കേകുകളും...
പിന്നെ ചായ...
അതിനു ശേഷം കുറെ നേരം സംസാരം...
നമ്മുടെ നാട്ടില്‍ ഇന്നും മുസ്ലിംകള്‍ക്കിടയില്‍ നില നില്‍ക്കുന്ന ജാതീയ വ്യവസ്ഥയെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍, ഞങ്ങള്‍ ആദ്യം അതില്ല എന്ന് തറപ്പിച്ചു പറഞ്ഞെങ്കിലും, അദ്ധേഹത്തിന്റെ ന്യായീകരണത്തില്‍ നിന്നും കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ഇന്നും ജാതീയത നില നില്‍ക്കുന്നു എന്ന സത്യം അംഗീകരിക്കേണ്ടി വന്നു.
ഇത് വായിക്കുന്ന നിങ്ങളും കരുതുന്നുണ്ടാവും, ഇവനിക്കിതെന്തു പറ്റി എന്ന്..!!!!
സത്യമല്ലേ അത്....
നമ്മുടെ വീട്ടിലെ ഉമ്മാമ മാരോടും ഉപ്പാപ്പ മാരോടും ചോദിച്ചാല്‍, അവര്‍ ഇപ്പോഴും പറയാറില്ലേ, ഞാന്‍ ഇന്ന കുടുംബത്തിലെതാണ്, കുടുംബം ഇങ്ങിനെയാണ്‌ എന്നൊക്കെ....?
നമ്മോടു ചോദിച്ചാല്‍ നാമും പറയാറില്ലേ...?
ഇതെവിടെ നിന്ന് വന്നു.?
നമ്മുടെ പൂര്‍വികര്‍ മറ്റു മതത്തില്‍ നിന്നും മാറി മുസ്ലിംകള്‍ ആയപ്പോള്‍, കൂടെ പോന്ന, ചില സംസ്കാരത്തിന്റെ ബാക്കി പത്രം...
നിഷേധിക്കാനാവുമോ...?
ഇസ്ലാമിലുള്ളതാണോ ഇത്...ഒരിക്കലുമല്ല...
അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, നമ്മളെക്കാള്‍ ഏറെ അദ്ദേഹം നമ്മുടെ നാടിനെ മനസ്സിലാക്കി എന്ന് തോന്നിപ്പോയി...
പിന്നെ, നമ്മുടെ ബന്ധങ്ങള്‍ എങ്ങിനെ ആവനമെന്നത് ..
സ്നേഹ ബന്ധങ്ങളെ ഒരിക്കലും ആശയത്തിന് മീതെ വെക്കരുതെന്ന അദ്ധേഹത്തിന്റെ വീക്ഷണം എത്ര ശരി അല്ലെ...!!!
ശരി എന്നറിഞ്ഞിട്ടും , വീട്ടുകാരും ബന്ധക്കാരും എന്ത് കരുതും എന്ന് കരുതി സ്വന്തം ആശയങ്ങളെ മൂടി വെക്കുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്????
അങ്ങിനെ സംസാരിച്ചു സമയം പോയതറിഞ്ഞില്ല...
നല്ലവണ്ണം തിന്നത് കൊണ്ടാണെന്ന് കരുതുന്നു എല്ലാവര്‍ക്കും ഉറങ്ങാനുള്ള മൂടായിരുന്നു...
ഒടുവില്‍ അദ്ധേഹത്തിന്റെ ഭാര്യയോടു സലാം പറഞ്ഞു പോരുമ്പോള്‍, അവര്‍ എല്ലാവര്‍ക്കും വേണ്ടി കുറശ്ശെ ആയി പലഹാരങ്ങള്‍ പായ്ക്ക് ചെയ്തിട്ടുണ്ടായിരുന്നു...
മുഷ്താഖ് ഭായി തന്നെ അദ്ധേഹത്തിന്റെ മറ്റൊരു വണ്ടിയില്‍ ഞങ്ങളെ വീട് വരെ കൊണ്ട് വന്നാക്കി...
ഉറങ്ങാന്‍ കിടക്കുമ്പോള്‍..
നാട്ടിലെ ഈദ്‌ ഗാഹു കഴിഞ്ഞു ആദ്യ ഭക്ഷണം തറുവൈ ഹാജിക്കയുടെ വീട്ടില്‍ നിന്നും കഴിക്കാറുള്ളതും...
പിന്നെ ഉമ്മ ഉണ്ടാക്കിയിട്ടുള്ള ബിരിയാണിയുടെ സ്വാദും
അയല്‍ക്കാരുടെ വീട്ടിലെ പായസങ്ങളും...
കുടുംബക്കാരുടെ വീട്ടില്‍ നിന്നുള്ള വിവധ തരം ഭക്ഷണങ്ങളും...
കൂടുകാരോടൊത്തുള്ള കളി-ചിരി തമാശകളും....
ഇവയൊക്കെ ഇനി എന്ന് എന്ന ചോദ്യം മുന്നില്‍ വന്നു നില്‍ക്കുമ്പോഴേക്കും ഉറങ്ങിയിരുന്നു...
അങ്ങിനെ, ജപ്പാനിലെ ആദ്യത്തെ ബലി പെരുന്നളിലെ ആദ്യ ദിവസത്തിന് ശുഭ പര്യവസാനം....

Sunday, 15 November 2009

അതെ ...ഞാനൊരു തീവ്രവാദിയാണ്...ഇന്ത്യയെന്ന രാജ്യത്തു ഒരോരുത്തര്‍്ക്കും
അവരവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള
അവകാശമുണ്ട്‌ എന്ന് പറയുന്നത്,
അതിനു വേണ്ടി വാദിക്കുന്നത് തീവ്രവാദമാണെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...
പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള
അവകാശം എല്ലാവര്‍്ക്കും ഒരുപോലെയാണെന്നും
ചില മതക്കാര്‍ക്ക് മാത്രം അത് പാടില്ല എന്ന് പറയുന്നത്
അംഗീകരിക്കില്ല എന്ന് പറയുന്നതാണ് തീവ്രവാദമെങ്കില്‍്,
അതെ ഞാനൊരു തീവ്രവാദിയാണ്...
എന്‍റെ സമുദായത്തിനെതിരെ അപവാദങ്ങള്‍
പ്രചരിപ്പിക്കുമ്പോള്‍
അത് ശരിയല്ല എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍്...
അതെ ഞാനൊരു തീവ്രവാദിയാണ്...
ഗാന്ധിജിയും അംബേദ്കറും ആസാദും വിഭാവനം ചെയ്ത
ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ എന്നും
ഗോഡ്സെയും ഗോള്വാര്‍്ക്കരും ജിന്നയും മൌദൂദിയും
വിഭാവനം ചെയ്യാന്‍ ശ്രമിച്ച ഇന്ത്യയല്ല യഥാര്‍ത്ഥ
ഇന്ത്യ എന്നു പറയുന്നത് തീവ്രവാദമാണെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...
എന്‍റെ സമുദായത്തിലെ രക്ഷകര്‍ എന്ന് പറയുന്നവര്‍,
ബീമാ പള്ളിയും കാസര്‍കോടും ആവര്‍ത്തിക്കപ്പെടുമ്പോള്‍,
വോട്ടു ബാങ്കിന്‍റെയും ഭൂരിപക്ഷ പ്രീണനത്തിനും വേണ്ടി
മിണ്ടാതിരിക്കുമ്പോള്‍, നിങ്ങളുടെ മൗനം വിഡ്ഢിത്തമാണ്
എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...
ഒരു മുസ്ലിം മറ്റൊരു മതത്തിലുള്ളവരെ വിവാഹം കഴിക്കുന്നത്
മാത്രം കുറ്റകരവും
മറ്റുള്ളവര്‍ അതേ പ്രവര്‍ത്തി ചെയ്യുന്നത്
കുറ്റകരമല്ലാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല
എന്ന് പറയുന്നവന്‍ തീവ്രവാദിയാണെങ്കില്‍
അതെ ഞാനൊരു തീവ്രവാദിയാണ്..
അവരവരുടെ മതാനുഷഠാനങ്ങള്‍്
അവനവന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നതും
അതിനു സ്വയം ശഠിക്കുന്നതുമാണ് യഥാര്‍ത്ഥ മത വിശ്വാസം
എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...
ക്രിസ്ത്യാനികള്‍ മത പ്രബോധനം ചെയ്യുന്നത് പോലെയും
ഹിന്ദുക്കള്‍ മത പ്രബോധനം ചെയ്യുന്നത് പോലെയും
മറ്റുള്ളവര്‍ക്കും മത പ്രബോധനം ചെയ്യാം
എന്ന് ശഠിക്കുന്നത് തീവ്രവാദമാണെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...
ഏതു മതം സ്വീകരിക്കാനും, ഏതു മതം തിരസ്കരിക്കാനുമുള്ള
അവകാശം അവനവനു സ്വന്തമാണെന്നും
അതില്‍ ആരും ബലപ്രയോഗം പാടില്ല
എന്ന് പറയുന്നതുമാണ് തീവ്രവാദമെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ് ...
അതെ...
ഈ കുറ്റങ്ങളാണ് നിങ്ങള്‍ എന്നില്‍ ആരോപിക്കുന്നതെങ്കില്‍
നിങ്ങള്‍ തരുന്ന ശിക്ഷകള്‍ സ്വീകരിക്കാന്‍
മനസ്സില്ല എന്ന് പറയുന്ന ധിക്കാരമാണ് തീവ്രവാദമെങ്കില്‍്
അതെ ഞാനൊരു തീവ്രവാദിയാണ്...

Saturday, 14 November 2009

മാധവിക്കു‌ട്ടിയെ വീഴ്ത്തിയ ധീര പോരാളി... നിനക്ക് അഭിവാദ്യങ്ങള്‍ ...

നമ്മുടെ ദൈവത്തിന്റെ സ്വന്തം (അതോ ലവ് ജിഹാദികളുടെയോ...???)
നാട്ടിലല്ല ഇപ്പോള്‍ ഞാന്‍ ഉള്ളതെങ്കിലും internet മുതലായ
ആധുനിക സാങ്കേതിക വിദ്യയുടെയും സഹായം കൊണ്ട് എല്ലാ വിവരങ്ങളും അന്നന്ന് അറിയാന്‍ കഴിയുന്നതില്‍പരം ഭാഗ്യം മറ്റെന്തുണ്ട്?
ഇതിനിടയിലാണ്, കേരളത്തിലെ "മുസ്ലിം പോരാളികള്‍ " പുതിയൊരു സമര മുറയ്ക്ക് തുടക്കമിട്ടുഎന്നറിഞ്ഞത്...!!!
എന്തായാലും ഇതുവരെ അവര്‍ ചെയ്തു പോയിരുന്ന രക്ത രൂക്ഷിത പോരാട്ടങ്ങലോന്നും വിജയിച്ചില്ലഎന്നറിയുമ്പോള്‍,
ബദര്‍ യുദ്ധവും മറ്റു യുദ്ധങ്ങളും ഇവര്‍ക്ക് യാതൊരു പ്രചോദനവും ചെയ്തില്ലല്ലോ എന്ന് ആലോചിച്ചുസങ്കടപ്പെടാന്‍ അല്ലാതെ മറ്റെന്തു ചെയ്യും ....
ഏതായാലും പ്രവാചകന്‍ ചെയ്തതല്ലാത്ത ഒരു സമര മുറ ആരുടെ തലയില്‍ വിരിഞ്ഞതാണെങ്കിലും അവന്റെബുദ്ധി അപാരം തന്നെ...
ഇനി നമുക്ക് "വിശുദ്ധ സ്നേഹ പോരാട്ടത്തിലേക്ക്" വരാം...
കേരളത്തിലെ നിക്ഷ്പക്ഷ പത്രങ്ങളും മാധ്യമങ്ങളുമെല്ലാം(???) ഒരു പോലെ (മുസ്ലിം മാപ്പിള പത്രങ്ങള്‍ ഒഴികെ ) അച്ചു നിരത്തി സ്ഥാപിക്കാന്‍ ശ്രമിച്ചത് നാമൊക്കെ കണ്ടതാണ്..
കണ്ണൂരിലെ ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍് അവിടുത്തെ ഫാസിസ്റ്റ്‌ സ്ഥാനാര്‍ഥി പറഞ്ഞത് കേട്ടപ്പോള്‍ചിരിക്കണോ കരയണോ അതോ ...എന്നാലോചിച്ചു അന്തം വിട്ടു പോയി..
ലവ് ജിഹാദിന് ഏറ്റവും വലിയ തെളിവ് ഇപ്പോഴും മാധവിക്കുട്ടിയെന്ന് മലയാളത്തിലെ ഏമാന്‍മാര്‍ വാഴ്ത്തുന്നകമല സുരയ്യ എന്നവരാണത്രെ!!!...
അവരുടെ കവിതകളൊക്കെയും ശ്രീ കൃഷ്ണനോടുള്ള സ്നേഹത്താല്‍ നിറഞ്ഞു കവിഞ്ഞിരുന്നു എന്ന കാര്യംഏവര്ക്കും അറിയാവുന്നതാണ്..
സ്വാഭാവികമായും ശ്രീ കൃഷ്ണനോടുള്ള സ്നേഹമാണോ ഇവരുടെ മതം മാറ്റത്തിനു കാരണം എന്ന് സംശയിച്ചുപോയി..
അങ്ങിനെയാണെങ്കില്‍ കേരളത്തിലെ ബഹു ഭൂരി ഭാഗം ഹിന്ദുക്കളും മുസ്ലിംകളാവാന്‍് മൊബൈല്‍ഫോണിന്റെയോ ബ്രാന്‍്ഡെഡ് വസ്ത്രങ്ങളുടെയോ ചെലവ് ഉണ്ട് എന്ന് തോന്നുന്നില്ല,
ഇവനെ പോലെയുള്ള വിഡ്ഢികളാണല്ലോ കേരളത്തിലുള്ളത് എന്നാലോചിക്കുമ്പോള്‍ ....!!
കേരളത്തിനെ തന്നെ ഞെട്ടിച്ച തിരൂരിലെ യാസറും കുടുംബവും മുസ്ലിമായതും
ബോക്സിങ്ങ് റിങ്ങിലെ പൂമ്പാറ്റയായ കാഷ്യസ് ക്ലേ, മുഹമ്മദലി ആയതും,
ബ്രിട്ടനിലെ പ്രശസ്ത പോപ്‌ ഗായകന്‍ സമി യുസുഫ്‌ ആയതും,
പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദു യുസുഫ്‌ ആയതും
ഖുര്‍ആനിലെ ദൈവികത്വം അറിഞ്ഞു മുസ്ലിമായ ശാസ്ത്രന്ജന്‍്മാരും
ലോകത്തെ പുതിയ കണക്കു പ്രകാരം നാലിലൊന്ന് വരുന്ന മുസ്ലിംകള്‍ ഉണ്ടായതു
ആഗോള ലവ് ജിഹാദിന്റെ ഭാഗമാണെന്നും
നിക്ഷ്പക്ഷ മാധ്യമങ്ങള്‍ അച്ചു നിരത്താത്തത് എന്നെ കൂടുതല്‍ അത്ഭുദപ്പെടുത്തി...
തൊട്ടതിനും തൊടാത്തതിനുമൊക്കെ വായിട്ടലക്കുന്ന
സുകുമാര്‍ അഴീകോടും അച്ചുമാമനെയും പോലുള്ള "മഹാന്മാര്‍"
കേരളത്തില്‍ ഇപ്പോഴും ജീവിചിരിപ്പുണ്ടോ എന്ന് സംശയിച്ചു പോയി...!!
പിന്നീടുള്ള കാര്യമായ പ്രശ്നം നമ്മുടെ കള്ള് കോണ്ട്രാക്ടര്‍ വെള്ളാപ്പള്ളിക്കാണ്...
സ്വന്തം പാളയത്തിലെ പടയെ നേരിടാന്‍ വയ്യാതിരിക്കുമ്പോളാണ് മഹാനു ലവ് ജിഹാദ് വീണു കിട്ടിയത്..
എന്തായാലും കിട്ടിയതില്‍ പിടിച്ചു കയറാന്‍ മഹാനും ശ്രമിച്ചു ഒരു പാട്...
പിന്നീടുള്ളതോ കേരളത്തെ നിയന്ത്രിക്കുന്ന കെ സി ബി സി എന്ന (kerala catholic buisiness corporation) എന്ന വമ്പന്മാരും...
നമ്മുടെ ഫാസിസ്റ്റ്‌ മഹാന്‍മാര്‍ ആദ്യം വാക്കുപയോഗിച്ചത് വിഭാഗത്തിനെതിരായിരുന്നു, അപ്പോള്‍ നമ്മുടെനസ്രാണി (നിക്ഷ്പക്ഷ) പത്രമായ മനോരമക്ക് അതൊരു വാര്‍ത്തയേ ആയിരുന്നില്ല.
രണ്ടു കാലിലുമുള്ള മന്ത് മറച്ചു വെച്ച് മറ്റുള്ളവന്റെ പെരുവിരലിലെ മന്തിനെ കുറ്റപ്പെടുത്തുന്ന പോലെ
ലോകത്ത് തന്നെ മറ്റു മതസ്ഥരെ മതം മാറ്റാന്‍ ഏറ്റവും കൂടുതല്‍ പണവും സ്വാധീനവും നെറ്റ്വര്‍്ക്കും ഉള്ളഇവരാണ് 2005 അവസാനത്തോട് കൂടി തുടങ്ങി എന്ന് പറയപ്പെടുന്നു ലവ് ജിഹാദിനെതിരെപടവാളെടുക്കുന്നത്...
കോഴിക്കോട്ടെ ഒളവണ്ണയും ഒറീസയും മറക്കാന്‍ മാത്രം സമയം ആയിട്ടില്ല.
കഷ്ട്ടം...!!!
എനിക്ക് ആകെയുണ്ടായിരുന്ന ഒരു സങ്കടം
കുറച്ചു കാലം മുന്‍പ് അന്യമതത്തിലെ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച എന്‍റെ സുഹൃത്തിനു കിട്ടിയലക്ഷങ്ങളെ കുറിച്ചും പള്‍്സറും മൊബൈലും അടങ്ങുന്ന പ്രതിഫലത്തെ കുറിച്ചും അറിയാന്‍ കഴിഞ്ഞില്ലല്ലോഎന്നത് മാത്രമാണ്...
ഏതായാലും, തൊട്ടാല്‍ പൊള്ളുന്ന പ്രായത്തിലും ഇതിനു മുന്‍പും ഒറ്റക്കിരിക്കുന്ന എന്നെ പോലുള്ളവരെ ലവ് ജിഹാദികള്‍ കണ്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ അവരോടുള്ള അരിശം ഏറി വരുന്നു...
ബ്ലോഗ്‌ വായിക്കുന്ന ഏതെങ്കിലും ലവ് ജിഹാദികള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു അവരുടെ വലിയജിഹാദികളോട് , കാറും പണവും ഒക്കെ കിട്ടുമെങ്കില്‍ ഇങ്ങിനെ ഒരാള്‍ ഇവിടെ റെഡിയായി ഇരിക്കുന്നു എന്ന്പറയണമെന്ന് വിനീതമായി അപേക്ഷിച്ച് കൊണ്ട്, ഇതുവരെ ലവ് ജിഹാദില്‍ ഏര്‍പ്പെട്ട എല്ലാ പോരാളികള്‍ക്കുംആയിരമായിരം അഭിവാദ്യങ്ങള്‍ അര്‍പിച്ചു കൊണ്ട് എന്റെ പരസ്യം ഇവിടെ കുറിക്കുന്നു.
(എന്‍റെ ഒരു അദ്ധ്യാപകന്റെ ബ്ലോഗിലെ ഒരു പരസ്യം ഞാന്‍ ഇവിടെ കടം എടുക്കുന്നു..)
പറ്റുമെങ്കില്‍ നിക്ഷ്പക്ഷരായ മാധ്യമങ്ങള്‍ പണം ഇല്ലാത്ത എന്‍റെ പരസ്യം ഒന്ന് പ്രസിധീകരിചെങ്കില്‍ വളരെഉപകാരമായിരുന്നു ...
മുസ്ലിം യുവാവ്, 23 വയസ്സ്, ഇരു നിറം, ഇപ്പോള്‍ PhD ചെയ്യുന്നു, സാമ്പത്തികമായി മുന്നോക്കാമോ പിന്നോക്കാമോ നില്‍ക്കുന്ന അന്യമതത്തിലെ യുവതികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു (വീട്ടുകാരും നിക്ഷ്പക്ഷ പത്രങ്ങളും കേരള ഹൈകോടതിയും അറിയാതെ )...
ലവ് ജിഹാദികളുടെ സുപ്രീം കമാന്‍്ഡര്‍് പണം തന്നില്ലെങ്കില്‍ സ്ത്രീധനം തരേണ്ടി വരും.മറ്റു നിബന്ധനകള്‍ ഒന്നും ഇല്ല.

Tuesday, 3 November 2009

റിയാസ് മോന്......


കോച്ചിപിടിക്കുന്ന തണുപ്പിലും..
വിയര്‍്ത്തൊലിക്കുന്ന ചൂടിലും...
അലിഗറിലെ ഡാബയില്‍ ...
ഒന്നര രൂപയോ രണ്ടോ കൊടുത്തു നാം കുടിച്ചിരുന്ന ചായകളും....
അലിഗറിലെ പുല്‍്തകിടുകളെ വരെ ആവേശം കൊള്ളിച്ചിരുന്ന
നിന്റെ ഫുട്ബോള്‍ പ്രകടനങ്ങളും....
ഗാലറികളില്‍ നിന്ന് കേട്ടിരുന്ന
മുണ്ടൂ, മുണ്ടൂ, എന്ന സ്നേഹത്തോടെയുള്ള വിളികളും..
നമ്മള്‍ ഒന്നായി , കേരളത്തിന്‌ വേണ്ടി
കളിച്ചു നേടിയ ട്രോഫിയും വിട്ടു...
നിന്റെ ഓര്‍കുട്ടിലെ വാക്കുകളെ അറം പറ്റിക്കൊണ്ട്..
നീ സ്വതന്ത്രമായിരിക്കുന്നു...
അവസാനം കാണുമ്പൊള്‍, വീണ്ടും കാണാം
നിന്റെ കല്യാണത്തിനെങ്കിലും എന്ന് പറഞ്ഞത്....
ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു...
നിന്റെ ചിരികളിലൂടെ നീ
ഞങ്ങള്‍ക്ക് നല്‍കിയ സന്തോഷവും
കാന്റ്റീനിലെ ഇരുമ്പ് ബെഞ്ചില്‍ ഇരുന്നുള്ള നമ്മുടെ
കഥ പറച്ചിലും...
നിനക്ക് സിംഗിള്‍ റൂം
കിട്ടിയപ്പോഴുള്ള സന്തോഷവും...
അവസാനമായി ഞാന്‍ അലിഗറില്‍ വന്നപ്പോള്‍
നാം ഒരുമിച്ചു വി എം ഹോസ്റ്റലില്‍്
ജസീറിന്റെ റൂമില്‍ ഇരുന്നതും ഒക്കെ....
ഇനി ഓര്മകളോ??...
അലിങരിനോടും
അവിടുത്തെ കൂട്ടുകാരോടും
നിനക്കുള്ള സ്നേഹം...
അത് നീ നിന്റെ മരണ നിമിഷത്തിലൂടെയും തെളിയിക്കുമ്പോള്‍..
നീ എത്രത്തോളം ഞങ്ങളെ സ്നേഹിച്ചെന്നു
വേറെ പറയേണ്ടതില്ലല്ലോ..
നിന്റെ മരണ വാര്‍ത്ത‍ , ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെടാ...
മരണം എന്നുള്ളത്..
എപ്പോഴും വരാം എന്നതിന്
നിന്റെ മരണത്തെക്കാള്‍ വലിയ മറ്റൊരു തെളിവ് വേണമോ...??????
സര്‍്വ്വശക്തനായ ദൈവത്തിന്റെ അടുത്ത്...
നിനക്ക് വേണ്ടി പ്രാര്‍ത്ഥന അല്ലാതെ ...
ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല..
അതാണ്‌ ഇപ്പോള്‍ ചെയ്യുന്നതും...
ദൈവമേ...അവനു നീ തുണയാകണേ...
നിനക്കായ്‌...
സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും .
നിന്റെ കൂട്ടുകാര്ക്കെല്ലാര്‍്ക്കും വേണ്ടി..