.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Tuesday 1 December 2009

വിലാപങ്ങള്‍ക്കുമപ്പുറം....



ഇന്ത്യയുടെ മതേതര മുഖത്തിന്‌ നേരെ ഫാസിസ്റ്റുകള്‍ ചെളി വാരിയെറിയപ്പെട്ടിട്ടു പതിനേഴു വര്‍ഷം തികയുന്നതിനു വളരെ കുറച്ചു നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അതിനെ കുറിച്ചന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ , മാധ്യമങ്ങള്‍ നടത്തിയ മറ്റൊരു നെറികേടിന്റെ രൂപത്തില്‍ പുറത്തു വന്നിരിക്കുന്നു.
മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപെട്ടിട്ടുള്ള ബാബരി മസ്ജിദ്, ഒരു തര്‍ക്ക സ്ഥലമാക്കി മാറ്റിയത്, ബ്രിട്ടിഷുകാരുടെ "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന തന്ത്രത്തില്‍ കുടുങ്ങിയ ചില ഫാസിസ്റ്റ് നേതാക്കളായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഒരു സ്ഥലത്തെ കുറിച്ച് വിവാദങ്ങള്‍ മാത്രമായിരുന്നു.മുസ്ലിംകള്‍ ആരാധിച്ചു പോന്നിരുന്ന പള്ളി, പിന്നീടു ആര്‍ക്കും പ്രാര്‍ത്ഥനയ്ക്ക് വിട്ടു കൊടുക്കാതെ പൂട്ടിയിടപ്പെടുകയും, പിന്നെ ഹിന്ദുക്കള്‍ക്ക്, വിഗ്രഹം സ്ഥാപിക്കാനുള്ള അനുമതിയുടെ രൂപത്തിലും തുടങ്ങി,ഒടുവില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാനും , മുസ്ലിംകള്‍ക്ക് അത് പാടില്ല എന്ന രൂപത്തിലും എത്തിയപ്പോള്‍ തന്നെ , ബാബറി മസ്ജിദിന്റെ ഗതി എന്ത് എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു...
പാര്‍ലിമെന്റ് മെമ്പര്‍ മാരുടെ ശമ്പളം കൂട്ടുന്ന കാര്യം കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഒരു പോലെയായ മറ്റൊരു കാര്യവും ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്.പക്ഷെ ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അങ്ങിനെ സംഭവിച്ചു എന്നുള്ളത് നമുക്ക് മനസ്സിലാക്കാം...ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍കാരാ‍ണെങ്കില് , ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ വികാരമാണ്, ഒരു സംഘം കര്സേവകരും ഫാസിസ്റ്റുകളും നടപ്പാക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍, ഭൂരിപക്ഷത്തെ പിണക്കേണ്ട എന്ന് കരുതി, എല്ലാത്തിനുമുള്ള മൗനാനുവാദം നല്‍കുന്ന തിരക്കിലുമായിരുന്നു...
ഇനിയുള്ളത് ഫാസിസ്റ്റുകളുടെ വാലായ ബി ജെ പി യുടെ കാര്യം..അത് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാവുന്നതാണല്ലോ?? എങ്കിലും, നമ്മുടെ കമ്മീഷനിലൂടെ , ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, ന്യൂനപക്ഷമാണെങ്കിലും, മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ മനസ്സിലേക്ക് ഇറങ്ങാന്‍, വാജ്പയിയെ പോലുള്ള, കപട മതേതരത്തിന്റെ മുഖങ്ങള്‍ ശ്രമിച്ചിരുന്നു എന്ന സത്യം, ഏവര്‍ക്കും അറിയാമെങ്കിലും, കമ്മീഷന്റെ വെളിപ്പെടുത്തലിലൂടെ ഒരാണ്കുട്ടി , രാജാവ് നഗ്നനാണെന്ന സത്യം ധൈര്യ സമേതം വിളിച്ചു പറഞ്ഞിരിക്കുന്നു എന്നാശ്വസിക്കാം... ഒരു പള്ളി പോളിക്കുന്നതിലൂടെ ബി ജെ പി എന്ത് നേടി എന്ന് ചോദിച്ചാല്‍, അതിന്നു ശേഷമുള്ള രണ്ടാമൂഴത്തിലൂടെ തന്നെ കേവലം നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിയിരുന്ന അവര്‍ ഇന്ത്യയെന്ന മഹത്വരമായ രാജ്യത്തിന്‍റെ ഭരണം വഹിക്കുനത് വരെയെത്തി എന്നത് വിസ്മരിക്കാനാവില്ല.

പിന്നെയുള്ളത് ഇടതുപക്ഷമാണ്.. മതേതരത്വത്തിന് വേണ്ടിയും , സാമ്രാജ്യത്തിനു എതിരെയും നിലകൊള്ളുന്നു എന്ന് വീമ്പു പറയുന്ന ഇവര്‍ , ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കപ്പെട്ട ഈയൊരു സംഭവത്തില്‍ എന്ത് ചെയ്തു എന്നത് ആര്‍ക്കും മനസ്സിലാവും. പശ്ചിമ ബംഗാളിലേക്ക് ക്രമസമാധനത്തിനെ പറ്റി അന്വേഷിക്കാന്‍ ഒരു സംഘത്തെ അയച്ച കേന്ദ്രത്തിന്റെ ന്യായമായ ഇടപെടലിനെതിരെ പോലും, കോടിക്കണക്കിനു രൂപ ചിലവുള്ള, ലോകസഭയുടെയും രാജ്യ സഭയുടെയും ദിവസങ്ങള്‍ നഷ്ട്ടപ്പെടുത്താന്‍ സമയമുള്ള ഇവരും, ഭൂരി പക്ഷ വോട്ടു ബാങ്കിന്റെ വലിപ്പം കണ്ടു കണ്ണ് മഞ്ഞളിച്ചു നിന്നത് മതേതര വിശ്വാസികളായ നമുക്ക് മറക്കാന്‍ പറ്റില്ല.

പിന്നെയുള്ളത് ഇന്ത്യയുടെ മറ്റു പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന, സോഷ്യലിസത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെടുന്ന, എന്നാല്‍ അങ്ങിനെ അല്ലാത്ത, ജനതാ ദള്ളും, തമിള്‍ പാര്‍ട്ടികളും, നായിഡുവിന്റെ മുതല്‍ നോര്‍ത്ത് ഇന്ത്യയിലെ ചെറിയ ചെറിയ, എന്നാല്‍ അവരുടെതായ സ്വാധീനമുള്ള പാര്‍ട്ടികളുടെ നിലപാടുകളാണ്.രണ്ടാം പക്കം , ബി ജെ പി അധികാരത്തില്‍ വരാന്‍ വേണ്ടി, അവര്‍ക്ക്, പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ കൊടുത്ത ഇവരുടെയൊക്കെ, സോഷ്യലിസ്റ്റ്‌ മതേതര മുഖങ്ങള്‍ നാം കണ്ടതാണ്.അതിലേറെ സങ്കടം ബാബറി മസ്ജിദിന്റെ തകര്‍ച്ച മുതലെടുത്ത്‌, ഉത്തര്‍ പ്രദേശിലെ മുസ്ലിംകളെ വികാരം കൊള്ളിച്ചു അധികാരത്തിലേറിയ മുലായം സിംഗിന്റെ കാര്യമാണ്.ലിബര്‍ഹാന്‍ കമ്മീഷന്‍ വളരെ ശക്തമായ രീതിയിലും,അല്ലാതെ തന്നെ നമുക്കൊക്കെയും അറിയാവുന്ന , ഒരു കൊടും പാതകത്തിന്‌, ഏറ്റവും കൂടുതല്‍ ഒത്താശ ചെയ്ത, അതിനു പച്ചക്കൊടി കാട്ടിയ കല്യാണ്‍ സിംഗിനെ വരെ പേറി നടക്കുന്ന ദുഖകരമായ കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.

ലിബെര്‍ഹാന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്ന, മറ്റൊരു ഭീകര മുഖം, ഇതിനു വേണ്ടി നടന്ന ഗൂഡാലോചനയും, അതിനു വേണ്ടി ഫാസിസ്റ്റു നേതാക്കളുടെ ബാങ്ക് അക്കൌണ്ടിലൂടെ കൈമാറപ്പെട്ട ,ഇന്നും സ്രോതസ്സ് അറിയാത്ത ശത കോടിക്കണക്കിനു രൂപയുടെയും കാര്യമാണ്.ഇന്ത്യയിലെ ഏതെങ്കിലും ഒരു ന്യൂനപക്ഷ ംഘടനയുടെ അക്കൌണ്ടിലൂടെ ഒരു ലക്ഷം രൂപ വരെ, അത് മുസ്ലിംകളുടെ പള്ളി നിര്‍മ്മാത്തിനോ, മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനത്തിനോ ആയാലും , ക്രിസ്ത്യാനികളുടെ മത പ്രബോധനതിനോ , മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ആയാലും, എന്ന് വേണ്ട ഏതെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ ംഘടനക്ക് വരുന്ന പണമായാലും, അതയച്ച ആള്‍ മുതല്‍, കൈമാറപ്പെട്ട കൈകളുടെയൊക്കെ അടിത്തറ വരെ പരിശോധിക്കുന്ന, നമ്മുടെ രഹസ്യാന്വേഷണ എജെന്‍സിക്ക്, ഇത്രയും പണം കൈമാപ്പെട്ടതും അതിന്റെ ഉദ്ദേശവും, സമയത്ത് കണ്ടുപിടിക്കാത്തത് പോകട്ടെ , ഇന്ന് വരെ അതിന്റെ മുഴുവന്‍ സ്രോതസ്സും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല എന്നറിയുമ്പോള്‍, ഒരു സംഭവത്തില്‍ , നമ്മുടെ രാജ്യത്തിന്റെ അധികാരികളുടെ നിലപാട് എന്തായിരുന്നു എന്ന് നിസ്സംശയം പറയാം...

ഇനിയുള്ളത് മുസ്ലിം രാഷ്ട്രീയ സംഘടനകളാണ്...

ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ എന്ന് പറയാന്‍ മാത്രം പവറുള്ള ഒരു സംഘടനയും ഇല്ല എന്ന് തന്നെ പറയാം...ലോകത്ത് തന്നെ മുസ്ലിംകള്‍ അനുഭവിക്കുന്ന പീനങ്ങള്‍ക്കും യാതനകള്‍ക്കും കാരണവും, ഈ ഒരു ഐക്യമില്ലായ്മയാണ്.മതത്തിലെ വിശ്വാസങ്ങളില്‍ വിട്ടു വീഴ്ചക്ക് തയ്യാറാകാന്‍ പറ്റില്ല, അതിലവര്‍ പരസപരം ഭിന്നിച്ചു നില്‍ക്കുമെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.എന്നാല്‍ സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ എങ്കിലും അവര്‍ക്ക് ഒന്നിച്ചു നിന്ന് കൂടെ എന്ന നഗ്നമായ ചോദ്യവും സത്യവും ഇന്നും അവശേഷിക്കുന്നു.

ഒരവസ്ഥയിലാണ്, കേരളത്തിലെ ശക്തരായ, മുസ്ലിംകളുടെ പ്രത്യേകിച്ചും, ന്യൂന പക്ഷങ്ങളുടെ പൊതുവെയും രക്ഷകരെന്നു അവകാശപ്പെടുന്ന നമ്മുടെ മുസ്ലിം ലീഗിന്റെ നിലപാടിന്റെ പ്രസക്തിയെ പറ്റി വിശദീകരിക്കേണ്ടത്...
മര്‍ഹൂം പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ലീഗ്, ബാബരിതകര്‍ക്കപ്പെട്ടതിന് ശേഷം എടുത്ത തീരുമാനത്തില്‍ ഏറ്റവും വലിയ ശരി എന്തെന്ന് ചോദിച്ചാല്‍, കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അതുമൂലം ഉണ്ടായേക്കാവുന്ന വര്‍ഗ്ഗീയ സംഘര്‍ഷം തടയാന്‍ കഴിഞ്ഞു എന്നുള്ളതാണ്അതില്‍ ലീഗ് നേതൃത്വം അവരുടെ അണികള്‍ക്ക് ആ സമയത്ത് നല്‍കിയ നിര്‍ദ്ദേശം, മുസ്ലിംകളിലെ തീവ്രവാക്കരല്ലാതെ മറ്റെല്ലാവരാലുംഅംഗീകരിക്കപ്പെട്ടതാണ്.അബ്ദുന്നാസര്‍ മഅനിയും അദ്ധേഹത്തിന്റെ അനുയായികളും പിന്നെ അന്നത്തെ സിമിയും അടക്കം , തകര്‍ച്ച വഴി മുതലെടുപ്പിന് ശ്രമിച്ചവര്‍ നിരവധിയാണ്..അന്നൊരു കലാപം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ ഫാസിസ്റ്റുകളുടെ വളര്‍ച്ച ഇന്നത്തെ നിലയില്‍ മാത്രമായി ഒതുങ്ങുമായിരുന്നില്ല .അതുപോലെ തന്നെ കേരളത്തിലെ സലഫികള്‍ ബാബറി തകര്‍ക്കപ്പെട്ട്ട്ടു മാസം തികയുന്നതിനു മുന്‍പ് നടത്തിയ ഐതിഹാസികമായ സംസ്ഥാന സമ്മേളനം മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഒഴിവാക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്...
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ മുസ്ലിം ലീഗിന് പറ്റിയ ഏറ്റവും വലിയ അബദ്ധം, അന്നത്തെ കോണ്‍ഗ്രസ്‌ ഗവര്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറായില്ല എന്നതാണ്...പിന്തുണ പിന്‍വലിച്ചു കൊണ്ടുതന്നെ മുസ്ലിംകളുടെ വികാരം കോണ്‍ഗ്രസിനെ അറിയിക്കാനും, അതെ സമയം തന്നെ സ്വന്തം അനുയായികളെ നിയന്ത്രിക്കാനും കഴിയുമായിരുന്നെങ്കിലും, മുസ്ലിം ലീഗിന്റെ ഭാഗത്ത്‌ നിന്ന് അതുണ്ടായില്ല എന്നത് എത്ര തന്നെ വിശദീകരിച്ചാലും അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.മുസ്ലിം ലീഗ് രണ്ടായി പിളര്ന്നിരുന്ന സമയത്ത് പരസ്പരം കടിച്ചു കീറുന്ന സമയത്ത് പോലും, മുസ്ലിംകളുടെ അഭിമാനത്തിനും, അന്തസത്തക്കും എതിരായി, ശരീഅത് നിയമത്തിനു മീതെ കൈ വെക്കാന്‍ അധികാര വര്‍ഗം തുനിഞ്ഞപ്പോള്‍, ഉണ്ടായിരുന്ന അധികാരങ്ങളോട് സലാം പറഞ്ഞു, പരസ്പരം കെട്ടിപിടിച്ചു ഒന്നായ രണ്ടു വിഭാഗം നേതാക്കളുടെയും ചരിത്രം പറയുന്നത് കേള്‍ക്കുമ്പോള്‍ കൊരിത്തരിക്കാരുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്‍ , അധികാരത്തിന്റെ മത്തു തലയ്ക്കു പിടിച്ച ഒരു സമൂഹം എന്റെസമുദായത്തിലുണ്ടാകും എന്ന് പറഞ്ഞത് പോലെ, നമ്മുടെ മാനവും അന്തസ്സുംപോയാലും, അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ മടിക്കുന്ന ഒരു വിഭാഗം നേതാക്കന്മാരുടെ രംഗ പ്രവേശനത്തിലൂടെ നമുക്ക് നഷ്ട്ടമായത്, മഹാനായ ഖായിദെ മില്ലത്തും, ബാഫഖി തങ്ങളും, സി എച്ചും ഒക്കെ കാട്ടി തന്ന മഹനീയമായ പാതയാണ്...
ബാബരി തകര്‍ച്ചയില്‍ മുസ്ലിംകള്‍ക്കും അവരുടെ നേതൃത്വത്തിനും ഉള്ള പങ്കിനെ പറ്റി
ലിബര്‍ഹാന്‍ കണ്ടെത്തിയ വളരെ പ്രാധാന്യമേറിയ പൊയന്റുകള്‍ നമുക്കിങ്ങനെ ചുരുക്കാം..

* Selective Muslim leaders, obsessed with building personal or individual influence, were merely bystanders during the entire period.
* The Muslim leadership provided the rabid Hindu ideologues sufficient cause to instill fear amongst common citizens.
* The Muslim leadership failed the community and its electorate by being unable to put forth a logical, cohesive and consistent point of view.
* The Muslim leadership also failed to protect the life and property of innocent masses who got caught up in communal riots.


ഇത്രയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും, വര്‍ഗ്ഗീയമായ ഒരു ചെരിതിരിവിനാണോ ഞാന്‍ ആഗ്രഹിക്കുന്നതെന്ന്???
എന്‍ ഡി എഫും, പി.ഡി പിയും പറയുന്നതാണോ എന്റെ ഭാഷ എന്ന്...??
ഒരിക്കലുമല്ല, ദൈവമാണെ, പ്രവാചകന്‍ പഠിപ്പിച്ച ദീനിന്റെ നാലയലത്ത്‌ എത്താത്ത സിദ്ധാന്തവുമായി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട യുവജനങ്ങളുടെ ഊര്‍ജ്ജത്തെ തെമ്മാടിത്തരങ്ങള്‍ക്കും തോന്നിവാസങ്ങള്‍ക്കും പരസ്പരം വിദ്വേഷവും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഈ കൂട്ടരുടെ നാശത്തിനു വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്.കേരളത്തില്‍ എന്‍ ഡി എഫ്ഫു പോലെയുള്ള തീവ്രവാദ സംഘടനകള്‍ വളര്‍ന്നു വന്നത് തന്നെ, നമ്മുടെ നേതൃത്വത്തിനു പലയിടങ്ങളിലായി സംഭവിച്ച തെറ്റായ തീരുമാനങ്ങള്‍ കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാവും.തകര്‍ക്കപ്പെട്ട ബാബാരിയുടെ പേര് പറഞ്ഞു, മുസ്ലിം യുവാക്കളെ തീവ്രതയിലേക്ക് നയിക്കുന്ന ഇവര്‍ക്ക് മുസ്ലിം ലീഗുപോലുള്ള മഹത്തായ പ്രസ്ഥാനത്തെ കുറ്റം പറയാന്‍ നമ്മുടെ നേതൃത്വം ഇട്ടു കൊടുത്ത ഒരു വടിയായിരുന്നു അന്നത്തെ പിന്തുണ പിന്‍വലിക്കേണ്ട എന്ന തീരുമാനം. അല്ല എന്ന് നിഷേധിക്കാന്‍ നേതൃത്വത്തിന് വരെ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.ലിബര്‍ഹാന്‍ പറഞ്ഞത് പോലെ,ഇന്ന് എവിടെ ബോംബു കണ്ടെടുത്താലും, എവിടെ സ്ഫോടനം ഉണ്ടായാലും, അതു മുസ്ലിം നാമ ധാരികളുടെ പേരിലേക്ക് മാറ്റുന്ന അധികാര വര്‍ഗത്തിന് മുന്നില്‍ റാന്‍ മൂളികള്‍ ആവാനേ നമ്മുടെ നേതൃത്വം ശ്രമിക്കുന്നുള്ളൂ. ഹൈദരാബാദിലെ പള്ളിയില്‍ സ്ഫോടനം ഉണ്ടായപ്പോഴും, അതിനു വിലകൊടുക്കേണ്ടി വന്നത് നിരവധി മുസ്ലിംകളാണ്, എന്നാല്‍ പിന്നീടു നാം കണ്ടത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫാസിസ്റ്റു ശക്തികളെയാണ്(ഞാന്‍ ഇവിടെ ഹിന്ദു ഭീകരര്‍ എന്ന് മനപ്പൂര്‍വ്വം പറയാത്തതാണ്, എന്നെ പഠിപ്പിച്ച എന്റെ മതം അങ്ങിനെ പറയാന്‍ എന്നെ അനുവദിക്കുന്നില്ല എന്നത് കൊണ്ട് തന്നെ...!!!).ലിബര്‍ഹാന്‍ പറഞ്ഞത് പോലെ എല്ലാവരുടെയും മനസ്സില്‍, നാം നിരപരാധികളാണ് എന്ന തിരിച്ചറിവുണ്ടായിട്ടും മിണ്ടാതെ നില്‍ക്കുന്നത്, നമ്മുടെ നേതൃത്വം നമ്മില്‍ അടിചെല്പ്പിച്ചതോ, മറ്റൊരു തരത്തില്‍ പറഞ്ഞാല് അവര്‍ നമുക്ക് ധൈര്യം തരാത്തത് കൊണ്ടോ ആണ് എന്നത് സത്യമല്ലേ..ഇനി ആരെങ്കിലും അങ്ങിനെ പറഞ്ഞാല് അല്ലെങ്കില്‍ അതിനെതിരില്‍ ശബ്ദിച്ചാല് അവനെ തീവ്രവാദിയാക്കി മാറ്റുന്നതും നാം തന്നെയാണ് എന്നത് സത്യമാണ്

അതിനു ഏറ്റവും വലിയ ഉദാഹരണം, ഈയടുത്ത് കേരളത്തില്‍ ചര്‍ച്ചാ വിഷയമായ ലവ് ജിഹാദ് തന്നെ.രണ്ടു യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ടു, പാവപ്പെട്ടവന്റെ നീതിയുടെ അവസാന അത്താണിയെന്നു നാം വീമ്പു പറയാറുള്ള കോടതി പോലും ഇതുപോലുള്ള ഒരു പ്രയോഗം നടത്തിയിട്ടും, കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടന അതിനെതിരെ ശബ്ദിച്ചോ..?
മതേതരത്വത്തിന്റെ വക്താക്കളായ കോണ്‍ഗ്രസോ, സ്വാശ്രയ കോളേജില്‍ തങ്ങള്‍ക്കെതിരായി വിധി പറഞ്ഞ ജഡ്ജിയെ കൊല്ലാകൊല ചെയ്ത ഇടതു പക്ഷമോ, സോഷ്യലിസത്തിന്റെ വക്താക്കാളോ ശബ്ടിക്കതിരുന്നത് പോകട്ടെ, മുസ്ലിം ലീഗിന്റെ ഭാഗത്ത്‌ നിന്നെങ്കിലും, മുസ്ലിം ലീഗിനെ സ്നേഹിക്കുന്ന നമ്മെ പോലുള്ള പാവങ്ങള്‍ പ്രതീക്ഷിച്ചു, ആ പ്രയോഗം എടുത്തു കളയാന്‍ വേണ്ടിയുള്ള ഒരു ശബ്ദം, എന്നാല്‍, ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാള്‍ നമ്മുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒരു പ്രധാനി ആയിട്ട് കൂടി അവനെ സംരക്ഷിക്കാത്തഈയൊരു നേതൃത്വത്തില്‍ നിന്ന് നമ്മളൊക്കെ കൂടുതല്‍ പ്രതീക്ഷിച്ചതാണ് ചെയ്ത തെറ്റ്?????? നേതൃത്വം പുറം തിരിഞ്ഞു നിന്നപ്പോള്‍, ആ യുവാവ് ചെയ്തത് കേരളത്തിലെ തീവ്ര വിഭാഗക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.പിന്നെ എങ്ങിനെ നമ്മുടെ സംഘടന ക്ഷയിക്കാതിരിക്കും..????
പിന്നെ എങ്ങിനെ എന്‍ ഡി എഫ്ഫു പോലുള്ള സംഘടനകള്‍ വളരാതിരിക്കും...???

തകര്‍ക്കപ്പെടുന്നതിനു മുന്‍പ് ശബ്ദിക്കാതിരുന്ന നാം എല്ലാ വര്‍ഷവും ബാബരി ദിനം എന്ന രീതിയില്‍ ആചരിച്ചത്‌ കൊണ്ട് അവിടെ പഴയ പള്ളി നിലവില്‍ വരുമെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ , വിഡ്ഢികള്‍ എന്നെ എനിക്ക് പറയാനുള്ളൂ...
അതിനു പകരം, തീവ്രവാദത്തെ എടുത്തെറിഞ്ഞു, യോജിക്കേണ്ട സമയങ്ങളില്‍ യോജിച്ചു നിന്നാല്‍, ഇനിയെങ്കിലും മറ്റൊരു പള്ളി തകര്‍ക്കപ്പെടുന്നതു ഒഴിവാക്കാനും, മറ്റു ഫായിസുമാര്‍ ഉണ്ടാവാതിരിക്കുവാനും കഴിയും.
അതിനു പകരം, കരി ദിനം ആചരിച്ചത്‌ കൊണ്ടോ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞു ഫാസിസം വളര്‍ത്തിയത്‌ കൊണ്ടോ, നഷ്ട്ടപ്പെട്ട ബാബരി നമുക്ക് കിട്ടില്ല. അതിനു ആരും മുന്‍കൈ എടുക്കുകയുമില്ല.പകരം കാര്യങ്ങള്‍ കൂടുതല്‍ വഷളായി, നമ്മുടെ നാശം മാത്രമേ ഉണ്ടാവൂ എന്ന സത്യം മറക്കരുത്.
നമുക്ക് മുന്‍പില്‍ ലിബര്‍ഹാന്‍ പറയാതെ പറഞ്ഞ അല്ലെങ്കില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ഇതാണ്...
ലിബെര്‍ഹാന്റെ ഈ കുററപ്പെടുത്തലുകളില്‍ നിന്ന് നമ്മുടെ നേതൃത്വത്തിനു മാറി നില്‍ക്കാനാവുമോ...?
നായര്‍ സമുദായത്തിന്റെ സമ്മേളന വേദിയില്‍ വെച്ച് മഹാനായ സി എച്ച് പറഞ്ഞ വാക്കുകള്‍ "എന്റെ സമുദായത്തിന്റെ ഒരു അവകാശവും ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, എന്നാല്‍ മറ്റൊരു സമുദായത്തിന്റെയും ഒരു നൂലിഴ അവകാശവും എന്റെ സമുദായത്തിന് വേണ്ട" എന്ന് പറയാന്‍ ചങ്കുറപ്പുള്ള നേതൃത്വം നമുക്കെനി ഉണ്ടാവുമോ ..??
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം മുസ്ലിം ലീഗിനെ പിരിച്ചു വിടരുത് എന്ന് പ്രമേയം പാസ്സാക്കിയ വ്യക്തിപോലും, ഹൈദരാബാദ് ആക്ഷന്‍ കാലത്ത് ലീഗിനെ വിമര്‍ശിച്ചു പാര്‍ട്ടി വിട്ടപ്പോഴും, മദ്രാസ്‌ അസ്സെംബ്ലിയില്‍ നിന്ന് പന്ത്രണ്ടോളം എം എല്‍ എ മാര്‍ രാജി വെച്ചപ്പോഴും, അധികാരത്തിനും പണത്തിനും മീതെ നിലകൊണ്ട പ്രസ്ഥാനത്തിന് ആ കാലം തിരിച്ചു കിട്ടുമോ???

ചിന്തിക്കേണ്ടത് നാം ഓരോരുത്തരുമാണ്...
നാമാണ് നമ്മുടെ നേതൃത്വത്തെ ബോധ്യപ്പെടുത്തെണ്ടത്...
ലിബര്‍ഹാന്‍ പറഞ്ഞത് പോലെ
മുസ്ലിംകള്‍ക്കെതിരില്‍ അനീതി കാണുമ്പോള്‍ അതിനെ ഫലപ്രദമായി, ജനാധിപത്യമായ രീതിയില്‍ നേരിടാന്‍ കഴിവുള്ളവരായിരിക്കണം അതിനുള്ള തന്റേടം ഉള്ളവരായിരിക്കണം നാമും നമ്മുടെ നേതൃത്വവും...
അല്ലെങ്കില്‍, കണ്ണൂരിലെ ഫായിസിന്റെ ഉമ്മയുടെ ഗതി കേടു നമ്മില്‍ പലരുടെയും ഉമ്മമാര്‍ക്ക് ഉണ്ടാവും...
അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഒന്നാമതായും രണ്ടാമതായും നമ്മുടെ നേതൃത്വത്തിനും മൂന്നാമതായി, ഇതൊക്കെ അറിഞ്ഞിട്ടും, നമ്മുടെ നേതൃത്വത്തിനെ കണ്ണ് തുറപ്പിക്കാത്ത നമുക്കുമായിരിക്കും എന്നത് നിസ്സംശയം....




0 comments: